കന്യാസ്ത്രീകളുടെ അറസ്റ്റ്: അമിത് ഷാ വിവരം തേടി; ജാമ്യത്തിനായി ഇന്ന് കോടതിയില്‍ അപേക്ഷ നല്‍കും
ന്യൂഡല്‍ഹി: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച് ഛത്തീസ്ഗഢില്‍ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിവരം തേടിയതായി റിപ്പോര്‍ട്ട്. ഛത്തീസ് ഗഡ് മുഖ്യമന്ത്രിയില്‍ നിന്നാണ് അമിത് ഷാ വിവരം തേടിയത്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരാഞ്ഞു. ഇന്നലെ ജാമ്യം ലഭിക്കാതിരുന്നതിന്റെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പ്രധാനമന്ത്രിയുമായും അമിത് ഷാ വിഷയത്തില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. കന്യാസ്ത്രീകളുടെ അറസ്റ്റുമായി ബന്ധപ്പെട്ട് എന്‍കെ പ്രേമചന്ദ്രന്‍ അടക്കമുള്ള എതാനും എംപിമാര്‍ കേന്ദ്രമന്ത്രി അമിത്ഷായുമായി സംസാരിച്ചിരുന്നു. പാര്‍ലമെന്റ് വളപ്പില്‍ വെച്ചായിരുന്നു എംപിമാര്‍ അമിത് ഷായുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. യുഡിഎഫ് എംപിമാര്‍ ഇന്ന് ഉച്ചയ്ക്ക് അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നുണ്ട്. കേരളത്തിലെ എംപിമാര്‍ നല്‍കിയ കത്ത് പ്രധാനമന്ത്രി കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ ഓഫീസിന് കൈമാറിയിട്ടുണ്ട്. അതേസമയം കന്യാസ്ത്രീകള്‍ക്ക് ജാമ്യം ലഭിക്കാനായി എന്‍ഐഎ കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കുമെന്ന് റോജി എം ജോണ്‍ എംഎല്‍എ പറഞ്ഞു. നേരിട്ട് ഹൈക്കോടതിയെ സമീപിക്കുന്നതും ആലോചിക്കുന്നുണ്ട്. കേസ് പരിഗണിക്കേണ്ടത് എന്‍ഐഎ കോടതിയെങ്കില്‍, എന്തിനാണ് കീഴ്‌ക്കോടതിയില്‍ കന്യാസ്ത്രീകളെ ഹാജരാക്കിയതെന്നും റോജി എം ജോണ്‍ ചോദിച്ചു. കന്യാസ്ത്രീകളുടെ അറസ്റ്റ് ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഉന്നയിക്കാനാണ് പ്രതിപക്ഷത്തിന്റെ തീരുമാനം. സാങ്കേതിക വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഛത്തീസ് ഗഡ് സര്‍ക്കാരിന്റെ അഭിഭാഷകന്‍ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ എതിര്‍ത്തത്. മനുഷ്യക്കടത്ത് അടക്കമുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. ഇതേത്തുടര്‍ന്നാണ് ജാമ്യാപേക്ഷ പരിഗണിക്കാന്‍ തങ്ങള്‍ക്ക് അധികാരമില്ലെന്ന് ദുര്‍ഗ് സെഷന്‍സ് കോടതി വ്യക്തമാക്കിയത്. വിഷയത്തില്‍ ബിലാസ്പുരിലെ എന്‍ഐഎ കോടതിയെ സമീപിക്കാനും കോടതി നിര്‍ദേശിച്ചു.